ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മുവാസലാത്തിന്റെ ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുമായി അന്താരാഷ്ട്ര പങ്കാളികളുമായി രണ്ട് നിർണായക സഹകരണ പരിപാടികളിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്.
ആദ്യത്തെ ഇലക്ട്രിക് പൊതുഗതാഗത ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് അൽ മഹാ പെട്രോളിയം പ്രൊഡക്ട്സ് മാർക്കറ്റിങ് കമ്പനിയുമായി ദിവസങ്ങൾക്ക് കരാർ ഒപ്പിട്ടിരുന്നു. രാജ്യത്തെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഹരിത ഊർജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രണ്ട് കമ്പനികളുടെയും പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സുപ്രധാന ചുവടുവെപ്പ്.
അതേസമയം, രാജ്യത്തെ പോതു ഗതാഗത സംവിധാനത്തോട് ആളുകൾക്കുള്ള താൽപര്യം ദിനേനെ വർധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ബസ് വഴി യാത്ര ചെയ്തത് 120,000 ആളുകളായിരുന്നു. 7,000 ആളുകൾ ഫെറിയിലൂടെയും യാത്ര ചെയ്തു.
പൊതു ഗതാഗതത്തിനോടുള്ള സ്വദേശികളുടെയും വിദേശികളുടെയും വർധിച്ചുവരുന്ന താൽപര്യമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ മുവാസലാത്തിന് സഹായകമായത്. ചരക്കുകളുടെ കടത്തിലും ഇക്കാലയളവിൽ ഗണ്യമായ വർധനവുണ്ടായി.