ഭൂമിയിലെ മനോഹര നഗരമായി മസ്കത്തിനെ തെരഞ്ഞെടുത്ത് വെബ് പോർട്ടലായ എംഎസ്എൻ.കോം
ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി ഒമാന്റെ തലസ്ഥാനമായ മസ്കത്തിനെ തിരഞ്ഞെടുത്തു. വാർത്തകൾ, സ്പോർട്സ്, വിനോദം, ബിങ് സെർച്ച് എൻജിൻ എന്നിവ ഉൾപ്പെടുന്ന മൈക്രോ സോഫ്റ്റിൽനിന്നുള്ള ജനപ്രിയ വെബ് പോർട്ടലായ msn.com ആണ് തലസ്ഥാന നഗരിയെ മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രശസ്ത ട്രാവൽ എഴുത്തുകാരിയും ജപ്പാൻ സ്പെഷലിസ്റ്റുമായ റെബേക്ക ഹാലെറ്റ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന ചുറ്റുപാടുകൾ, വാസ്തുവിദ്യ, നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ലാൻഡ്മാർക്കുകൾ, പഴയ പട്ടണങ്ങൾ മുതൽ മനോഹരമായ ആധുനിക സ്കൈലൈനുകൾവരെ ഉൾപ്പെട്ടിട്ടുണ്ട്.
ഒമാൻ കടലിനോട് ചേർന്ന് ഏകദേശം 40 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന മിന്നുന്ന നഗരമെന്നാണ് മസ്കത്തിനെ വിശേഷിപ്പിക്കുന്നത്. അൽ ആലം പാലസ്, റോയൽ ഓപ്പറ ഹൗസ് മസ്കത്ത് പോലുള്ള ആധുനിക കെട്ടിടങ്ങളും നഗരത്തെ ആകർഷകമാക്കുന്നെന്നും പറയുന്നു.
പുരാതന മസ്കത്തിന്റെ പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യയായ ഓൾഡ് മസ്കത്ത് നഗരത്തിന് കാലാതീതമായ ആകർഷണം നൽകുമ്പോൾ, വർണാഭമായ ബസാർ എന്ന നിലയിലാണ് മത്ര സൂഖ് അറിയപ്പെടുന്നത്. മസ്കത്തിന്റെ കിരീടത്തിലെ രത്നം സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് ആണെന്നും പറയുന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ചില നഗരങ്ങളിൽ ഇവയാണ്: റിയോ ഡി ജനീറോ (ബ്രസീൽ), ബ്രൂഗസ് (ബെൽജിയം), ഡുബ്രോവ്നിക് (ക്രൊയേഷ്യ), യോർക്ക് (ഇംഗ്ലണ്ട്), ഖിവ (ഉസ്ബക്കിസ്താൻ), സിഡ്നി (ആസ്ട്രേലിയ), ബെർഗൻ (നോർവേ), ഗാൽവേ (അയർലൻഡ്), പ്രാഗ് (ചെക്ക് റിപ്പബ്ലിക്), ഉദയ്പൂർ ( ഇന്ത്യ), പോർട്ടോ (പോർചുഗൽ), റെയ്ക്ജാവിക് (ഐസ്ലൻഡ്), എഡിൻബർഗ് (സ്കോട്ട്ലൻഡ്), കോർക്ക് (അയർലൻഡ്), ന്യൂയോർക്ക് സിറ്റി (യു.എസ്), കുസ്കോ (പെറു), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക), വാൻകൂവർ (കാനഡ), ബ്യൂണസ് ഐറിസ് ( അർജൻറീന), സാന്താ ബാർബറ (യു.എസ്), ഹോയി ആൻ (വിയറ്റ്നാം), ന്യൂ ഓർലിയൻസ് (യു.എസ്), കെച്ചികൻ (അലാസ്ക, യു.എസ്), ക്യൂബെക് സിറ്റി (കാനഡ), ലാസ (തിബത്ത്), ടൗറംഗ (ന്യൂസിലാൻഡ്), ക്യോട്ടോ (ജപ്പാൻ), നൂക്ക് (ഗ്രീൻലാൻഡ്), ഷാങ്ഹായ് (ചൈന), സ്റ്റിർലിങ്, സ്കോട്ട്ലൻഡ് (യു.കെ), യോഗ്യക്കാർത്ത (ഇന്തോനേഷ്യ), സെൻറ് അഗസ്റ്റിൻ (യു.എസ്), ക്ലീവ്ലാൻഡ് (യു.എസ്), ലിയോൺ (ഫ്രാൻസ്), പെർത്ത് (ആസ്ട്രേലിയ), വല്ലെറ്റ (മാൾട്ട), ഹോബാർട്ട് ( ആസ്ട്രേലിയ).