ഒമാനിൽ ജോലിചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്.) ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
ഇത് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. കൂടാതെ താത്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള കരാറുകളും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ജോലിചെയ്യുന്ന ഒമാനിപൗരന്മാരെ കൂടാതെ പ്രവാസികളായ ഇതര തൊഴിലാളികൾക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്.
ഇത് സംബന്ധിച്ച് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ തീരുമാനം (നമ്പർ R/10/2024 ) പുറത്തിറക്കിയരുന്നു. ജൂൺ 30ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലാണ് ഒമാനിയല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രസവാവധി അലവൻസിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
കമേഴ്സ്യൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പരിരക്ഷ ലഭിക്കും. എന്നാൽ ഗാർഹിക തൊഴിലാളികൾ, പാചകക്കാർ, ഡ്രൈവർമാർ, കർഷകത്തൊഴിലാളികൾ, സമാനമായ വിഭാഗങ്ങളെന്നിവർക്ക് ഇൻഷുറൻസിന് അർഹതയുണ്ടാവില്ല. സ്വയംതൊഴിൽ ചെയ്യുന്ന ഒമാനികൾ, ജി.സി.സിയിൽ ജോലിചെയ്യുന്ന പാർട്ട് ടൈം ഒമാനികൾ, വിദേശത്തു ജോലിചെയ്യുന്ന ഒമാനികൾ എന്നിവർക്ക് ഇത് ബാധകമല്ലെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലെ ബെനഫിറ്റ് ഡയറക്ടർ ജനറൽ മാലിക് അൽ ഹരിതി വ്യക്തമാക്കി.
തൊഴിലാളികളുടെ ഒരുമാസത്തെ പ്രസവാവധി ഇൻഷുറൻസിന്റെ ഒരു ശതമാനം വിഹിതം നൽകാൻ ഉടമസ്ഥ ബാധ്യസ്ഥനാണ്. പ്രസവത്തിനു മുമ്പുള്ള 14 ദിവത്തേയും പ്രസവനാന്തരമുള്ള 98 ദിവസത്തേയും മുഴുവൻ ശമ്പളമാണ് പരിരക്ഷയായി നൽകുക. പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കിൽ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭർത്താവിന് ലഭിക്കും.