ഇറ്റാലിയൻ ആഡംബര കപ്പലായ കോസ്റ്റ ടസ്‌കാനി സലാല തുറമുഖത്തെത്തി. 3300 യാത്രക്കാരാണ് കപ്പലിലുള്ളത്. സലാല തുറമുഖത്തെത്തിയ സഞ്ചാരികൾ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചു. സീസണിൻറെ ഭാഗമായി സലാലയിൽ എത്തുന്ന ഏഴാമത്തെ ആഡംബര കപ്പലാണിത്. സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണവും നൽകി.
ഈ വർഷം സുൽത്താൻ ഖാബൂസ് പോർട്ട്, ഖസബ്, സലാല തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഏകദേശം 1,50,000 സഞ്ചാരികൾ ഒമാനിലെത്തും. കോസ്റ്റ ടോസ്‌കാന, ഐഡ കോസ്മ, എം.എസ്.സി ഓപറ, മെയിൻ ഷിഫ് ആറ്, ക്വീൻ മേരി രണ്ട്, നോർവീജിയൻ ജേഡ് എന്നിവയാണ് ഈ വർഷം ഒമാൻ തീരങ്ങളിൽ എത്തുന്ന ആഡംബര കപ്പലുകളിൽ ചിലത്.