സ്വീഡിഷ് പൗരൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്
ഇറാനിൽ നിന്ന് രണ്ട് സ്വീഡിഷ് പൗരന്മാരെ മോചിപ്പിക്കൻ ഇടപെടൽ നടത്തിയതിന് സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്. കഴിഞ്ഞ ദിവസമാണ് സ്വീഡൻ രാജാവായ കേൾ പതിനാറാമൻ ഗുസ്താഫ് സുൽത്താനെ ഫോണിൽ വിളിച്ചത്. രണ്ട് സ്വീഡിഷ് പൗരന്മാരെ മോചിപ്പിക്കാനും അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും തന്റെ രാജ്യവും ഇറാനും തമ്മിൽ ധാരണയിലെത്താൻ ഒമാൻ നടത്തിയ ശ്രമങ്ങൾക്ക് രാജാവ് സുൽത്താനോട് നന്ദി പറഞ്ഞുവെന്ന് ഒമാൻ ഏജൻസി റിപ്പോർട്ട് ചെയ്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒമാൻ നടത്തിയ മധ്യസ്ഥതയെ തുടർന്ന് ജൂൺ 15നാണ് ഇറാനും സ്വീഡനും പൗരൻമാരെ മോചിപ്പിച്ചത്. പ്രശ്നം പരിഹരിക്കാൻ സഹായിക്കണമെന്ന് ഇരുരാജ്യങ്ങളും ഒമാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ടെഹ്റാൻ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിൽനിന്ന് മോചിപ്പിച്ച വ്യക്തികളെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതിന്റെ ഭാഗമായി മസ്കത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.
രണ്ട് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്ന ഫ്രഞ്ച് പൗരനെ ഒമാന്റെ ഇടപെടലിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഇറാൻ മോചിപ്പിച്ചിരുന്നു. 30 വയസ്സുകാരനായ ലൂയിസ് അർനോഡ് എന്നയാളെയായിരുന്നു ഇറാൻ വിട്ടയച്ചത്. മോചനത്തിന് ഇടപ്പെട്ട ഒമാൻ സർക്കാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നന്ദി അറിയിച്ചിരുന്നു.