ഒമാനില്‍ കനത്ത മഴയെ തുടർന്ന് വാദികള്‍ നിറഞ്ഞൊഴുകി. ചില റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ മഴ ലഭിച്ചത്. വൈകുന്നേരത്തോടെ മഴ ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്ക-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു.
ഞായറാഴ്ചയും കനത്ത മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ്. ഇന്ന് ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 50 മി.മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യും. വേണ്ട മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടു നില്‍ക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ എട്ട് ഗവർണറേറ്റുകളിലെ വൊക്കേഷനൽ കോളജുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്നും സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വിദൂരമായി മാറ്റുകയും ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദാഹിറ, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് കോളജുകൾക്ക് അവധി. ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.
സുൽത്താൻ ഖാബൂസ് സർവകലാശാലക്കും അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും ഗാർഡനുകളും താല്‍ക്കാലികമായി അടച്ചു.