ഒമാനിൽ ചൂടിന് ആശ്വാസമായി വിവിധ ഇടങ്ങളിൽ മഴ

Update: 2023-06-24 09:50 GMT

ഒമാനിൽ കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് വിവിധ ഗവർണറേറ്റുകളിലെ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കനത്ത കാറ്റിൻറെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്‌ലയിലെ സൽസാദ്, നിസ്‌വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.

വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെ ചാറി തുടങ്ങിയ മഴ ഉച്ചക്കുശേഷമാണ് ശക്തമായത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

അതേസമയം, ഒമാൻറെ ഭൂരിഭാഗം പ്രദേശങ്ങളും കത്തുന്ന ചൂടിൽ വെന്തുരുകുകയാണ്. പലയിടത്തും 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഇത് കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും 50 ഡിഗ്രി സെൽഷ്യസ്‌വരെ എത്തിയേക്കും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒമാനിലുള്ളവരോട് നിർദേശിച്ചു. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും മണൽ, പൊടിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Similar News