ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്തത്.വിവിധ ഇടങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായി. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുസന്ദം, ഖസബ്, ശിനാസ്, സുഹാർ, ലിവ, ബർക്ക, നഖൽ, സഹം, സമാഇൽ, ബിദ്ബിദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളംകയറി നേരീയതോതിൽ ഗതാഗത തടസ്സം നേരിട്ടു. ഉച്ചക്ക് ശേഷമാണ് പലയടങ്ങളിലും മഴ ആരംഭിച്ചത്. വൈകീട്ടോടെ ശക്തിയാർജിക്കുകയായിരുന്നു. അതേസമയം, വ്യാഴാഴ്ചവരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കരുന്നത്. അൽ ഹജർ മലനിരകളിലും സമീപപ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധയിടങ്ങളിൽ പത്ത് മുതൽ 25 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.