ഒമാനിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നവംബർ നാല് മുതൽ ആരംഭിക്കുമെന്ന് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.17വരെ രജിസ്റ്റർ ചെയ്യാം. www.hajj.om എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത് സ്വദേശികളും വിദേശികളുമുൾപ്പെടെ 14,000 പേർക്കാണ്.
വരുന്ന സീസണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒമാനിലെ ഹജ്ജ്കാര്യ സമിതി കഴിഞ്ഞമാസം യോഗം ചേർന്നിരുന്നു. എൻഡോവ്മെന്റ്-മതപര കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഹമ്മദ് ബിൻ സാലിഹ് അൽ റാഷിദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സീസണിലെ പ്ലാനുകളും ഷെഡ്യൂളും അവലോകനം ചെയ്യുകയും അംഗീകരിക്കുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു.
പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാകും അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തിരഞ്ഞെടുക്കുക.