ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു; ഇത്തവണ 14,000 പേർക്ക് അവസരം ലഭിക്കും
ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച് ഒമാനും സൗദിയും തമ്മിൽ ധാരണയിലെത്തി. ഈ വർഷം 14,000 പേർക്ക് ഒമാനിൽ നിന്നും ഹജ്ജിന് അവസരം ലഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുള്ള നിലയിലേക്ക് ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 8,338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്.
അടുത്ത ദിവസങ്ങളിൽ ഹജ് രജിസ്‌ട്രേഷനും ആരംഭിക്കും. അപേക്ഷകരിൽ നിന്നു നറുക്കെടുപ്പ് വഴിയാകും ഹജ്ജിന് അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തവണ വർധിപ്പിച്ച ക്വാട്ടയിൽ എത്ര സ്വദേശികൾക്കും വിദേശികൾക്കും അവസരം ലഭിക്കുമെന്നതിൽ അടുത്ത ദിവസങ്ങളിൽ അധികൃതർ വ്യക്തതവരുത്തിയേക്കും.