ഭക്ഷ്യസുരക്ഷ വാരം 2024ന് മസ്കത്തിൽ തുടക്കമായി. ‘ഭക്ഷണ അപകടസാധ്യത വിലയിരുത്തൽ: പങ്കാളിത്തം - അവബോധം - പ്രതിബദ്ധത’എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. ഭക്ഷ്യസുരക്ഷ, ഗുണമേന്മ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ഉൽപാദകർ, ഭക്ഷണം സംസ്കരിക്കുന്നവർ, ട്രാൻസ്പോർട്ടർമാർ, റീട്ടെയിലർമാർ, ഉപഭോക്താക്കൾ എന്നിങ്ങനെ വിവിധ മേഖലകൾക്കിടയിൽ അപകടസാധ്യതകൾ ഉയർത്തിക്കാട്ടാനും അറിവ് മെച്ചപ്പെടുത്താനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം. മനുഷ്യവിഭവശേഷിയുടെ കഴിവുകൾ വർധിപ്പിക്കാനും ഭക്ഷ്യ വ്യവസായരംഗത്തെ പുരോഗതിക്കനുസൃതമായി ലഭ്യമായ വിഭവങ്ങൾ വികസിപ്പിക്കാനും ഭക്ഷ്യസുരക്ഷ വാരം ലക്ഷ്യമിടുന്നുണ്ട്. പരിപാടിയുടെ ആദ്യദിനത്തിൽ ഭക്ഷ്യനിയന്ത്രണം, മത്സ്യകൃഷി, ഭക്ഷ്യമേഖലയിലെ വിവിധ അപകടസാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്തു.
ഭക്ഷ്യമേഖലയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന നൂതനമായ പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായി നിരവധി സെമിനാറുകളും പരിപാടിയോടൊപ്പം നടക്കും.