ഡിജിറ്റൽ പേയ്മെൻ്റുകൾ വർധിച്ചു ; ഒമാനിൽ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു
ഒമാനിൽ എ.ടി.എം ഇടപാടുകൾ കുറയുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി കൂടുതൽ ഉപയോക്താക്കൾ മൊബൈൽ അധിഷ്ഠിത പേമെന്റുകളിലേക്ക് മാറിയതാണ് ഈ പ്രവണതക്ക് കാരണം. എ.ടി.എം ഇടപാടുകൾ 2022ലെ 15 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 11 ശതമാനമായി കുറഞ്ഞു. ഉപയോക്താക്കളുടെ മറ്റു ഡിജിറ്റൽ പേമെന്റ് ചാനലുകളിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകളുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്-565. 173 എ.ടി.എമ്മുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. 2023ൽ മൊത്തം എ.ടി.എമ്മുകളുടെ എണ്ണം 40 ആയി വർധിച്ചു.
ഉപഭോക്താക്കൾ ഇലക്ട്രോണിക് ബാങ്കിങ്ങിനെ കൂടുതലായി സ്വീകരിക്കുന്നതിനാൽ, പരമ്പരാഗത എ.ടി.എമ്മുകളെ ആശ്രയിക്കുന്നത് കുറഞ്ഞിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എ.ടി.എമ്മുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരിക്കുന്നത്. ഈ മെഷീനുകൾ 24/7 ബാങ്കിങ് സേവനങ്ങൾ സുഗമമാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. എപ്പോൾ വേണമെങ്കിലും എവിടെയും പണവും ബാങ്കിങ് സേവനങ്ങളും നൽകി ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത ചലനം സാധ്യമാക്കുന്നു. ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബാങ്കിങ് ഇൻഫ്രാസ്ട്രക്ചറിന്റെ തുടർച്ചയായ പ്രസക്തിയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളോടും സാങ്കേതിക മുന്നേറ്റങ്ങളോടും പൊരുത്തപ്പെടാൻ സി.ബി.ഒയും ധനകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണെന്ന് റിപ്പോർട്ട് പറയുന്നു.
അതേസമയം, ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേമെന്റ് സേവനം കഴിഞ്ഞ ഒക്ടോബറിൽ ഒമാനിൽ തുടക്കമായിരുന്നു. ബാങ്ക് മസ്കത്ത്, സുഹാർ ഇന്റർനാഷനൽ, സുഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.ഒ.എസ് ആപ്പുകളിലും വെബിലും പേമെന്റുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേമെന്റ് സേവനമാണിത്. ആക്ടീവായി കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയുള്ള നിലവിലുള്ള പേമെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.