ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കാവർഷ പ്രതിഭാസം ഒമാനിലും ദൃശ്യമാകും. വെള്ളിയാഴ്ച അർധ രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായിരിക്കും ഇത് ഉച്ചസ്ഥായിയിലെത്തുക. പൂർണചന്ദ്രൻ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നക്ഷത്ര നിരീക്ഷകർക്ക് ഈ പ്രതിഭാസത്തെ നിരീക്ഷിക്കാൻ സാധിക്കും. ജെമിനിഡുകൾ അവയുടെ തിളക്കത്തിനും നിറത്തിനും പേരുകേട്ടതാണെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി അംഗമായ റയാൻ ബിൻത് സഈദ് അൽ റുവൈഷ്ദി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
2020ൽ ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ഉൽക്കകൾ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ച ഒന്നിനും 1.59നും ഇടയിലായി മണിക്കൂറിനുള്ളിൽ 227 ഉൽക്കകൾ എത്തി. ഇപ്രാവശ്യം ദൃശ്യപരത തടസ്സപ്പെടുത്തുമെങ്കിലും അവിസ്മരണീയമായ കാഴ്ചകൾ കാണാൻ സാധിച്ചേക്കും.
ധൂമകേതുക്കളിൽ നിന്ന് വരുന്ന മറ്റ് ഉൽക്കകളിൽനിന്ന് വ്യത്യസ്തമായി 1982ൽ കണ്ടെത്തിയ ഫേഥോൺ എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ജെമിനിഡ് ഉൽക്കാവർഷം ഉണ്ടാകുന്നത്.
എല്ലാ വർഷവും ഡിസംബർ ഏഴു മുതൽ 17വരെ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്താറുണ്ട്. പ്രത്യേക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇരുണ്ടസ്ഥലത്ത് നിരീക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതം.
ജെമിനിഡ് ഉൽക്കാവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ മാസം ഒമാൻ സാക്ഷ്യം വഹിക്കും.
ശുക്രൻ, വ്യാഴം, ചൊവ്വ, ശനി തുടങ്ങിയ ഗ്രഹങ്ങൾക്കൊപ്പം സിറിയസ്, ആൽഡെബറാൻ, പ്ലിയേഡ്സ് ക്ലസ്റ്റർ തുടങ്ങിയ തിളങ്ങുന്ന നക്ഷത്രങ്ങൾ ദൃശ്യമാകും. അവ ഓരോന്നും വ്യതിരിക്തമായ നിറങ്ങളിൽ ആകാശത്ത് തിങ്ങിനിൽക്കുമെന്ന് അൽ-റുവൈഷ്ദി പറഞ്ഞു.