തൊഴിലാളികൾക്ക് എതിരെയുള്ള നടപടി കമ്പനികൾ പ്രസിദ്ധപ്പെടുത്തണം ; നിർദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
തൊഴിലാളികൾക്ക് എതിരെ എടുക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക കമ്പനികൾ തയാറാക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണ്. മന്ത്രാലയം നൽകുന്ന ഒരു പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറേക്കേണ്ടത്.
ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് മാൻപവർ എന്നിവരിൽനിന്ന് അനുമതി നേടണം.പട്ടികയിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിലും മുകളിൽ പറഞ്ഞ വകുപ്പുകളിൽ നിന്നുള്ള അനുമതിയുണ്ടായിരിക്കേണ്ടതാണ്. അനുമതി കിട്ടിയാൽ, ഈ പട്ടിക ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
അറബി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കണം ഇവ. ബിസിനസ് ആവശ്യകതകൾ കണക്കിലെടുത്ത് തൊഴിലുടമകൾ പുതിയ നിയമലംഘനങ്ങളും അനുബന്ധ പിഴകളും മറ്റും മുന്നോട്ടുവെക്കുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തൊഴിലാളികൾക്ക് എതിരെ എടുക്കാവുന്ന നടപടികളെ കുറിച്ച് മന്ത്രാലയം പറയുന്നത് ഇവയാണ്
രേഖാമൂലമുള്ള മുന്നറിയിപ്പ്: തന്റെ ലംഘനത്തെക്കുറിച്ച് തൊഴിലാളിയെ അറിയിക്കുന്ന ഔപചാരിക കത്ത് നൽകുക.
വേതന കിഴിവ്: തൊഴിലാളിയുടെ വേതനത്തിന്റെ ഒരു ഭാഗം കുറക്കാം. എന്നാൽ, ഒരൊറ്റ ലംഘനത്തിനുള്ള തുക അഞ്ച് ദിവസത്തെ വേതനത്തിൽ കൂടുതലാകരുത്
സസ്പെൻഷൻ: തൊഴിലാളിയെ പരമാവധി അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാം
നഷ്ടപരിഹാരത്തോടൊപ്പം പിരിച്ചുവിടൽ: നിയമം അനുശാസിക്കുന്ന കേസുകളിൽ, ജീവനക്കാരനെ എൻഡ്-ഓഫ്-സർവിസ് ബോണസ് ഉപയോഗിച്ച് പിരിച്ചുവിടാം
നഷ്ടപരിഹാരം കൂടാതെ പിരിച്ചുവിടൽ: നിയമം അനുശാസിക്കുന്ന ഗുരുതരമായ കേസുകളിൽ മുൻകൂർ അറിയിപ്പോ നഷ്ടപരിഹാരമോ ഇല്ലാതെ ജീവനക്കാരനെ പിരിച്ചുവിടാം
പിഴ ചുമത്തുന്നതിനുള്ള പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
ജീവനക്കാരന്റെ ഭാഗം കേൾക്കുന്നതിനായി മുൻകൂർ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകിയതിനുശേഷമേ പിഴ ചുമത്താൻ പാടുള്ളു. വേതന കിഴിവുകൾ വ്യക്തമായി നിർവചിക്കപ്പെട്ടതും ജോലി ചെയ്യുന്ന സമയത്തിന് ആനുപാതികവുമായിരിക്കണം.