ഒമാനിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മഴ തകർത്താടി. ഞായറാഴ്ച മുതലാണ് പെയ്തിറങ്ങാൻ തുടങ്ങിയത്. കനത്ത മഴ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ നാശമാണ് വിതച്ചത്. റോഡുകളും കെട്ടിടങ്ങളും തകരുകയും വാഹനങ്ങൾ ഒലിച്ചു പോയതടക്കും നിരവധി അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ശർഖിയയിലെ സമദ് അൽ ഷാനിൽ 10 കുഞ്ഞുങ്ങളെ വാദികൊണ്ടുപോയത് നൊമ്പര വാർത്തയായി. പെരുമഴയിൽ പെട്ടുപോയ 1630 പേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളിലും മറ്റുമുള്ള 630 പേരെ സുരക്ഷിത മേഖലകളിലേക്കുമാറ്റി പാർപ്പിക്കുകയും ചെയ്തു. 152 സുരക്ഷാ പ്രവർത്തനങ്ങളാണ് അധികൃതർ നടത്തിയത്.50 തിരച്ചിലുകളും അടക്കം നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ റോയൽ ഒമാൻ പൊലീസിന്റെയും റോയൽ എയർഫോഴ്സിന്റെയും സഹകരണത്തോടെ അധികൃതർ നടത്തി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുറൈമി ഗവർണറേറ്റിലെ മഹ്ദയിൽ. ഏപ്രിൽ 14 മുതൽ 17വരെ 302 മില്ലീ മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. യങ്കൽ 240 മില്ലീ മീറ്റർ, ലിവ 236 മില്ലീ മീറ്റർ, ഷിനാസ് 206 മില്ലീ മീറ്റർ, ഇബ്ര 196 മില്ലീ മീറ്റർ, അൽ അവാബി 195 മില്ലീ മീറ്റർ, ഖസബ് 194 മില്ലീ മീറ്റർ, അൽ ഹംറ 177 മില്ലീ മീറ്റർ, ഇസ്കി 170 മില്ലീ മീറ്റർ, മദാ 166 മില്ലീ മീറ്റർ എന്നിങ്ങനെയാണ് ഈ കലയാളവിൽ പെയ്ത മഴയുടെ അളവ്.
വാദീ ബനീ ഖാലിദിൽ ഒരു മണിക്കൂറിലെ എറ്റവും ഉയർന്ന മഴയും ഇത്തവണ രേഖപ്പെടുത്തി. ഏപ്രിൽ 14ന് ഉച്ചക്ക് 12 മുതലുള്ള ഒരു മണിക്കൂറിൽ 91.6 മില്ലീ മീറ്റർ മഴയാണ് പെയ്തത്. ചൊവ്വാഴ്ച രാത്രി പത്തിന് ധങ്കിൽ ഒരു മണിക്കൂറിൽ 68.2 മില്ലീ മീറ്ററും ചൊവ്വാഴ്ച രാത്രി ഇതേ സമയം ഷിനാസിൽ 50 മില്ലീ മീറ്റർ മഴയും പെയ്തു. ദങ്കിൽ ഒരു ദിവസം 139.2 മില്ലീ മീറ്ററും വാദീ ബനീ ഖാലിദിൽ 129.2 മില്ലീ മീറ്റർ മഴയും ഒറ്റ ദിവസം ലഭിച്ചു.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുവരെയുള്ള കണക്കനുസരിച്ച് മഹ്ദയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഈ കാലയളവിൽ 183 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഈ കാലയളവിൽ ലിവ 180 , വാദീ ബനീ ഖാലിദ് 159, ബിദിയ 128, ശിനാസ് 128, സിനാവ് 126, മുദൈബി 126, അൽ ഖാബിൽ 126, ഇബ്ര 126, അൽ കാമിൽ 107, ഇബ്രി 105, ഇസ്കി 105, ഖുറിയാത്ത് 104, സൂർ 99, ജലാൻ ബൂഹസൻ 90, അമിറാത്ത് 86 മീല്ലീ മീറ്റർ എന്നിങ്ങനെയാണ് പെയ്ത മഴയുടെ അളവ്. വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥ വിലയിരുത്തി അതാത് മേഖലയിലുള്ള അധികൃതരാണ് ഇത് സംബന്ധമായ തീരുമാനം എടുക്കേണ്ടത്. എന്നാൽ കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം.