ഗാസ മുനമ്പിൽ വെടിനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുൻകൈയെടുത്ത് നടത്തുന്ന നടപടികളെ ഒമാൻ സ്വാഗതം ചെയ്തു. ഖത്തർ, ഈജിപ്ത് എന്നിവയുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് ഈ നീക്കത്തിനു തുടക്കംകുറിച്ചിരിക്കുന്നത്.ഇസ്രായേൽ ആക്രമണവും പലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളും അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഒമാൻ പിന്തുണ അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളും അവരുടെ അഭിലാഷങ്ങളും സംരക്ഷിക്കുകയും ദുരിതങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന വിധത്തിൽ ഇത്തരം സംരംഭങ്ങളെ ക്രിയാത്മകമായി നേരിടാൻ എല്ലാ കക്ഷികളോടും ഒമാൻ ആഹ്വാനം ചെയ്തു.ഈ നീക്കം ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനും ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനും ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിനും സാധാരണക്കാരുടെ ജീവിതം പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമാൻ പറഞ്ഞു. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ വീണ്ടെടുക്കാനും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ചുവടുവയ്പായിരിക്കും ഇതെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.