ഫാക് കുറുബ പദ്ധതി; ഒമാനില്‍ 58 തടവുകാരെ മോചിപ്പിച്ചു

Update: 2024-03-23 09:25 GMT

ഒമാനില്‍ ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ പുറത്തിറക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഫാക് കുറുബ പദ്ധതിക്ക് കൈത്താങ്ങുമായി ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ 60,000 ഒമാന്‍ റിയാല്‍ അധികൃതര്‍ക്ക് കൈമാറി. ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികള്‍,സമൂഹത്തിലെ അര്‍ഹരായ വ്യക്തികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു.

ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ 11-ാംമത് പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ഇതിനകം പത്തിലധികം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. മുന്‍കാല പതിപ്പുകളില്‍ ഈ സംരംഭത്തില്‍നിന്ന് പ്രയോജനം ലഭിക്കാത്തവരെയാണ് ഈ വര്‍ഷം പരിഗണിക്കുക. ക്രിമിനല്‍ പരമല്ലാത്ത വാണിജ്യ, സിവില്‍, തൊഴില്‍, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് ഇതിന്റെ സഹായം ലഭിക്കുക. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ 5,890 ആളുകളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.

Tags:    

Similar News