വനിതാ സംവരണ ബിൽ 2024ൽ നടപ്പിലാകില്ല; പ്രതിപക്ഷ ബഹളം

Update: 2023-09-19 10:12 GMT

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍.

ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറുന്ന ബിൽ 128-ാം ഭരണഘടനാ ഭേദഗതിയായാണു കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ലോക്സഭയിൽ വനിതാ പ്രാതിനിധ്യം 181 ആയി ഉയരും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാര്‍ ഉണ്ടാകും. നിലവില്‍ 11 വനിതകളാണുള്ളത്. ഭാവിയിൽ ലോക്സഭയിലേക്കു കേരളത്തില്‍നിന്നുള്ള 20 എംപിമാരില്‍ 6 പേര്‍ വനിതകളായിരിക്കും.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലായേക്കില്ലെന്നാണു സൂചന. മണ്ഡല പുനർനിർണയത്തിനു ശേഷമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 2027ലെ സെൻസസിനു ശേഷമേ മണ്ഡല പുനർനിർണയമുണ്ടാകാൻ സാധ്യതയുള്ളൂ. ഫലത്തിൽ 2029ലേ വനിതാ സംവരണം പ്രാബല്യത്തിലാകൂ എന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ‍ ലോക്സഭയിലെത്തിയില്ല. 

Tags:    

Similar News