വിവേകാനന്ദ റെഡ്ഡി കൊലക്കേസ്; വൈ എസ് ശർമിളയുടെ മൊഴി നിർണായകം, അന്തിമ കുറ്റപത്രം നൽകി സിബിഐ

Update: 2023-07-22 10:38 GMT

മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി വൈ എസ് ശർമിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു.

ഈ രഹസ്യ സാക്ഷി മൊഴി ശർമിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സിബിഐ അന്തിമ കുറ്റപത്രം നൽകിയത്. ഭാസ്കർ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്‍റെ ഭാര്യ ഭാരതി. ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത അനുയായിയാണ് അവിനാശ് റെഡ്ഡി. സഹോദരി തന്നെ തന്‍റെ അടുത്ത അനുയായികൾക്കെതിരെ മൊഴി നൽകിയത് ആന്ധ്ര മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്.

വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വിവേകാനന്ദ റെഡ്ഡിയെ 2017 എംഎൽസി തെരഞ്ഞെടുപ്പിൽ തോൽപിച്ചതിന് പിന്നിൽ ഭാസ്കർ റെഡ്ഡിയും അവിനാശ് റെഡ്ഡിയുമാണെന്ന് ശർമ്മിള മൊഴി നൽകി. ഭാസ്കർ റെഡ്ഡിയുടെയും തന്‍റെയും കുടുംബങ്ങൾ തമ്മിൽ പദവികളെച്ചൊല്ലി ശീതസമരമുണ്ടായിരുന്നു. മരണത്തിന് രണ്ട് മാസം മുമ്പ് വിവേകാനന്ദ റെഡ്ഡി തന്നെ കാണാൻ വന്നെന്നും കടപ്പയിൽ നിന്ന് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ സഹോദരൻ തനിക്ക് സീറ്റ് തരുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും ശർമിളയുടെ മൊഴിയിലുണ്ട്. 

Tags:    

Similar News