ഹരിയാനയിലെ തോൽവി രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അശോക് ഗെഹ്ലോട്ട്
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ ഇത് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷം മാത്രമേ ഹരിയാനയിലെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയുള്ളു എന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിചേർത്തു.