മുന്നണി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കും; ഹരിയാനയിലെ തിരിച്ചടിക്കു പിന്നാലെ ഉദ്ധവ് താക്കറെ
സഖ്യകക്ഷികളായ കോൺഗ്രസോ എൻസിപി പവാർ വിഭാഗമോ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രി സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹരിയാനയിൽ കോൺഗ്രസിനു തിരിച്ചടിയായ ഫലം വന്നതിനു പിന്നാലെയാണ് സംസ്ഥാനത്തെ 'രക്ഷിക്കാനായി' ഉദ്ധവിന്റെ ഈ പ്രസ്താവന.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികൾ നിശ്ചയിക്കുന്നയാളെ താൻ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫലം വന്നശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് തങ്ങളുടെ രീതിയെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും പവാർ വിഭാഗം എൻസിപിയും ആ നിർദേശം തള്ളുകയായിരുന്നു.