ബ്ലാക്ക്മെയിലിങ്; മുംതാസ് അലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ

Update: 2024-10-09 10:44 GMT

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തിൽ രണ്ടുപേരെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റുചെയ്തു. കൃഷ്ണപുര സൂറത്ത്കൽ സ്വദേശികളായ റഹ്‌മത്ത് എന്ന സ്ത്രീയും അവരുടെ ഭർത്താവ് ഷുഹൈബുമാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെയാണ് കവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജ്സ്റ്റർ ചെയ്തിട്ടുള്ളത്. റഹ്‌മത്തിന്റെയും ഷുഹൈബിന്റെ ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം.

ഒക്ടോബർ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് സമീപം പുഴയിൽ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. ഡിസിപി സിദ്ധാർത്ഥ് ഗോയൽ, ദിനേഷ് കുമാർ, മംഗളൂരു നോർത്ത് സബ്-ഡിവിഷണൽ അസിസ്റ്റന്റ് കമ്മീഷണർ ശ്രീകാന്തും അന്വേഷണത്തിൽ പങ്കാളികളായിരുന്നു.

മുംതാസ് അലിയുടെ മരണത്തിന് പിന്നിൽ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ് ആദ്യമേ പറഞ്ഞിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. മംഗളൂരു നോർത്ത് മുൻ എംഎൽഎ മൊഹ്യുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയാണ് മുംതാസ് അലി.

ഒക്ടോബർ ആറാം തീയതി ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേൽ ദേശീയ പാത 66-ൽ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാർ തകർന്ന നിലയിൽ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടർന്ന് അലിയ്ക്കായി പുഴയിൽ വ്യാപകമായ തിരച്ചിലാണ് നടന്നത്.

ഒക്ടോബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എൻ.ഡി.ആർ.എഫും ചേർന്നു നടത്തിയ തിരച്ചിലിൽ കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സംഘത്തിന്റെ തുടർച്ചയായ ബ്ലാക്ക്‌മെയിലിങ്ങിനും പണം തട്ടിയെടുക്കലിനും ഒടുവിലാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആദ്യം മുതലേ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News