വിമാനങ്ങൾക്ക് 24 മണിക്കൂറിനിടെ മൂന്ന് ബോംബ് ഭീഷണി ; എല്ലാം വ്യാജമെന്ന് കണ്ടെത്തൽ

Update: 2024-10-19 08:41 GMT

രാജ്യത്ത് 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് മൂന്ന് വിമാനങ്ങൾക്ക്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്.

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിസ്താര വിമാനം (യുകെ 17) ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടിരുന്നു. ജയ്പൂർ-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും (IX 196) ഭീഷണിയുണ്ടായി. അതും വ്യാജമാണെന്ന് തെളിഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനും (ക്യുപി 1366) പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബോംബ് ഭീഷണിയുണ്ടായി.

ജയ്പൂർ-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണിയെത്തുടർന്ന് വൈകിയാണ് പുറപ്പെട്ടത്. ഇന്ന് രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45നാണ് ദുബായിലേക്ക് പുറപ്പെട്ടത്. പരിശോധനകളില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലേക്ക് പറന്നു.

വെള്ളിയാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. പിന്നാലെ അരിച്ചുപെറുക്കിയെങ്കിലും സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനത്തിന് പറക്കാനുള്ള അനുമതി നൽകിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ, വിമാനം മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത് മണിക്കൂറുകൾ വൈകിയാണ്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും 'ഭീഷണികള്‍ക്ക്' പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരും തമാശക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയത്.

അന്താരാഷ്ട്ര റൂട്ടുകളിലേതുള്‍പ്പെടെ നാല് വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കിയതിന് 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പണത്തെച്ചൊല്ലി തർക്കമുണ്ടായിരുന്ന തൻ്റെ സുഹൃത്തുക്കളിൽ ഒരാളെ കള്ളക്കേസിൽ കുടുക്കാൻ കൗമാരക്കാരൻ ഒപ്പിച്ച പണിയാണിതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതേസമയം ഭാവിയിൽ ഇത്തരം വ്യാജ ബോംബ് സന്ദേശങ്ങള്‍ ഉണ്ടാകാതിരിക്കാൻ നിയമങ്ങളില്‍ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും കേന്ദ്രമന്ത്രി നായിഡു വ്യക്തമാക്കി.

Tags:    

Similar News