കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, വാങ്ങിയത് ദുബായിൽ നിന്ന്; ഭീഷണിയെത്തുടർന്ന് സൽമാന്റെ സുരക്ഷ കൂട്ടി

Update: 2024-10-19 06:31 GMT

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോൾ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്.യു.വി സൽമാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽപ്പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് വാഹനം. കഴിഞ്ഞവർഷവും സൽമാൻ ഖാൻ യു.എ.ഇയിൽനിന്ന് ബുള്ളറ്റ്പ്രൂഫ് വാഹനം ഇറക്കുമതിചെയ്തിരുന്നു. പിതാവ് സലിം ഖാനും സഹോദരങ്ങൾക്കും ബിഷ്‌ണോയി ഗ്യാംഗിൽനിന്ന് വധഭീഷണി നേരിട്ടതിനെത്തുടർന്നായിരുന്നു ഇത്.

ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ്-18 ന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. കനത്ത സുരക്ഷയിൽ പരിപാടിയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. 60 പേരുടെ കനത്ത സുരക്ഷാവലയത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ചിത്രീകരണം. ഇവിടെത്തന്നെയാണ് സൽമാന് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയത്. ചിത്രീകരണം പൂർത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാരും പുറത്തുപോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചിത്രീകരണസ്ഥലത്തേക്ക് വരുന്നവരെ ആധാർ കാർഡ് പരിശോധന നടത്തിയശേഷമാണ് കടത്തിവിട്ടത്.

ഫോട്ടോഗ്രാഫർമാരെപ്പോലും സൽമാന് സമീപത്തേക്ക് അടുപ്പിക്കുന്നില്ല. സൽമാൻഖാന്റെ സുരക്ഷയെക്കരുതി ഇവരും താരത്തിന്റെ അടുത്തേക്ക് പോകുന്നില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Similar News