വീട്ടിൽ കയറിയ കള്ളൻ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തി; ബ്ലാക്‌മെയിൽ ചെയ്യാൻ നീക്കം, അറസ്റ്റ്

Update: 2024-06-27 05:55 GMT

വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന യുവാവ് ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡിലാണ് സംഭവം. 28 വയസുകാരനായ വിനയ് കുമാർ സാഹു എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ജോലി സ്വപ്നം കണ്ട ഇയാൾ നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ജോലി കിട്ടിയില്ല. ഇതോടെയാണ് മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. താമസ സ്ഥലത്തിന് സമീപത്തുള്ള പച്ചക്കറി മാർക്കറ്റിലും അടുത്തുള്ള മറ്റ് സ്ഥലങ്ങളിലുമായിരുന്നു മോഷണം.

മോഷണം ലക്ഷ്യംവെച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദമ്പതികളുടെ വീട്ടിൽ കയറിയതെങ്കിലും അവിടെ വെച്ച് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇത് പിന്നീട് അവർക്ക് തന്നെ വാട്‌സ്ആപിൽ അയച്ചുകൊടുത്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോ അയച്ചുകൊടുത്ത ശേഷം ഫോൺ വിളിച്ചാണ് ഇത് പറഞ്ഞത്. സ്വന്തം വീടിനുള്ളിൽ ദൃശ്യങ്ങൾ വാട്‌സ്ആപിലൂടെ ലഭിച്ചപ്പോൾ ഞെട്ടിയെങ്കിലും ദമ്പതികൾ പണം നൽകാൻ തയ്യാറായില്ല. പൊലീസിൽ പരാതി നൽകി.

വാട്‌സ്ആപിൽ അയച്ച മെസേജും ഫോൺ കോൾ വന്ന നമ്പറും ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ പൊലീസുകാർക്ക് കള്ളനെ പിടിക്കാൻ അധികം അധ്വാനിക്കേണ്ടി വന്നില്ല. മോഷ്ടിച്ച ഫോണിലാണ് യുവാവ് വീഡിയോ ചിത്രീകരിച്ചതും. നേരത്തെ രണ്ട് തവണ ഇതേ വീട്ടിൽ കയറി മോഷണം നടത്തിയിരുന്ന കാര്യവും ഇയാൾ സമ്മതിച്ചു. ദമ്പതികളുടെ പരാതി കിട്ടിയ ശേഷം കേസ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നതായി ക്രൈം ബ്രാഞ്ച് ഡിസിപി പ്രകാശ് നായക് പറഞ്ഞു. പൊലീസ് അന്വേഷിച്ചെത്തുമ്പോഴും കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന അതേ ഫോണും സിം കാർഡും തന്നെയാണ് പ്രതി ഉപയോഗിച്ചിരുന്നത്.

Tags:    

Similar News