കുറ്റക്കാർക്ക് അഞ്ചുവർഷത്തേക്ക് വിലക്ക്; ലൈംഗികാതിക്രമ പരാതികളിൽ ശക്തമായ നടപടിക്ക് നടികർ സംഘം
സിനിമയിലെ ലൈംഗികാതിക്രമ പരാതികളിൽ ശക്തമായ നടപടിയെടുക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്ക് അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചർച്ചചെയ്യാൻചേർന്ന യോഗത്തിലാണ് തീരുമാനം.
അതിക്രമത്തിന് ഇരയാകുന്നവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികർസംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തും. ഇതിലൂടെ പരാതികൾ അറിയിക്കാം. പരാതികൾ സൈബർ പോലീസിന് കൈമാറും. പരാതികൾ ആദ്യംതന്നെ നടികർസംഘത്തിന് നൽകാതെ മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തൽ നടത്തരുതെന്ന മുന്നറിയിപ്പുമുണ്ട്. ബുധനാഴ്ച രാവിലെ 11-നാണ് നടികർ സംഘത്തിന്റെ യോഗം ചെന്നൈയിൽ ചേർന്നത്. നടന്മാരായ നാസർ (പ്രസിഡന്റ്), വിശാൽ (സെക്രട്ടറി), കാർത്തി (ട്രഷറർ) എന്നിവരാണ് നടികർ സംഘത്തിന്റെ തലപ്പത്തുള്ളത്.