നയതന്ത്രബാഗേജിൽ സംശയം തോന്നിയാൽ സ്‌കാൻചെയ്യാൻ അധികാരമുണ്ടോ?; കേന്ദ്രത്തോട് സുപ്രീം കോടതി

Update: 2024-09-03 07:37 GMT

നയതന്ത്ര ബാഗേജിൽ സംശയം തോന്നിയാൽ സ്‌കാൻ ചെയ്യാൻ അധികാരമുണ്ടോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ ചോദ്യം.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിച്ചത്. ഇതിൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് സംശയകരമായ നയതന്ത്ര ബാഗേജുകൾ സ്‌കാൻ ചെയ്യാൻ കേന്ദ്രത്തിന് അധികാരം ഉണ്ടോ എന്ന് ആരാഞ്ഞത്.

എല്ലാ ബാഗേജുകളും സ്‌കാൻ ചെയ്യാറില്ലെങ്കിലും സംശയകരമായ നയതന്ത്ര ബാഗേജുകൾ സ്‌കാൻ ചെയ്യാൻ ഏജൻസികൾക്ക് അധികാരം ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയ ശേഷം ഓദ്യോഗിക നിലപാട് അറിയിക്കാമെന്നും രാജു കോടതിയെ അറിയിച്ചു.

കബിൽ സിബലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹർജി മാറ്റിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇ.ഡി. എതിർത്തില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ട്രാൻസ്ഫർ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആണ്. സ്‌പെഷ്യൽ ബെഞ്ചിന് മുമ്പാകെ ചൊവ്വാഴ്ച സിബൽ മറ്റൊരു കേസിന് ഹാജരാകുന്നതിനാൽ ഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ആവശ്യപ്പെട്ടു. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മാറ്റുന്നതിനെ എതിർക്കുന്നില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പിന്നാലെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.

Tags:    

Similar News