കർണാടകയിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചു; ആശ്രമത്തിലെ അദ്ധ്യാപകനെതിരെ കേസ്

Update: 2024-08-05 07:47 GMT

കർണാടകയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് അദ്ധ്യാപകൻ. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. പേന മോഷ്ടിച്ചെന്നാരോപിച്ച് ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനം ഇൻ ചാർജായ വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം പൂട്ടിയിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

വിറക്, ബാറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. 'ഒരു അദ്ധ്യാപകനും വേറെ രണ്ടുപേരും ചേർന്നാണ് എന്നെ അടിച്ചത്. ആദ്യം വിറക് കൊണ്ടടിച്ച് അത് ഒടിഞ്ഞപ്പോൾ ബാറ്റ് ഉപയോഗിച്ച് തല്ലി. ശരീരത്തിൽ നിറയെ മുറിവുണ്ടായപ്പോൾ ഭിക്ഷയാചിക്കാനായി എന്നെ യഗ്ദീറിലെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല. ഒരു പേന കാരണമാണ് എന്നെ അവർ മർദിച്ചത്', തനിക്കുണ്ടായ പീഡനങ്ങൾ തരുൺ പറഞ്ഞു. ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റ കുട്ടിയുടെ കണ്ണുകൾ പൂർണമായും വീർത്ത അവസ്ഥയിലായിരുന്നു. തരുൺ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് മകനെ ആശ്രമത്തിലാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. പേന മോഷ്ടിച്ചെന്ന് സഹപാഠികൾ പറഞ്ഞതിനാലാണ് സത്യാവസ്ഥ പോലും അന്വേഷിക്കാതെ ആശ്രമം അധികൃകർ തരുണിനെ ഇത്രയും ക്രൂരമായി മർദിച്ചതെന്നും മാതാപിതാക്കൾ കുറ്റപ്പെടുത്തി. മകനെ കാണാനായി അമ്മ ആശ്രമത്തിൽ എത്തിയപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്.'ഇളയ മകൻ തരുണിനെയും മൂത്ത മകൻ അരുൺ കുമാറിനെയും ആശ്രമത്തിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. കുട്ടികളെ കാണാനായി ആശ്രമത്തിൽ എത്തിയപ്പോഴാണ് തരുൺ ക്രൂരമർദനത്തിനിരയായ വിവരം അറിയുന്നത്.

എന്റെ മകൻ പേന മോഷ്ടിച്ചില്ല. എഴുതാൻ പേനയില്ലാതിരുന്നപ്പോൾ മറ്റൊരു കുട്ടിയാണ് അദ്ധ്യാപകന്റെ പേനയെടുത്ത് അവന് നൽകിയത്. പിന്നീട് ആ പേന എന്റെ മകന്റെ പക്കൽ നിന്നും അദ്ധ്യാപകൻ കണ്ടെടുക്കുകയായിരുന്നു. അദ്ധ്യാപകനിൽ നിന്നും എന്റെ മകന് ക്രൂര മർദനമാണ് ഏൽക്കേണ്ടി വന്നത്. അയാൾ എന്റെ കുഞ്ഞിനെ ബാറ്റ് കൊണ്ടടിച്ചു. അവന്റെ ശരീരം മുഴുവൻ മുറിവുകളാണ്. അദ്ധ്യാപകനെതിരെ കർശനമായ നടപടി സ്വീകരിക്കണം. ഞങ്ങൾ പരാതി നൽകിയിട്ടുണ്ട് ', തരുണിന്റെ മാതാവ് പറഞ്ഞു. അതേസമയം, ആശ്രമത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയെന്നും വിഷയം ശിശുക്ഷേമമ മന്ത്രാലയത്തിലെ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ബാലാവകാശ പ്രവർത്തകനായ സുദർശൻ പറഞ്ഞു. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News