കോൺഗ്രസിനൊപ്പം മത്സരിക്കാൻ സിപിഎം; ഹരിയാണയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മത്സരിക്കും
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും. ഇതിന്റെ ഭാഗമായി ഒരുസീറ്റ് സി.പി.എമ്മിന് നൽകി ബാക്കി 89 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനും കർഷക സംഘടനകൾക്കും സ്വാധീനമുള്ള ഭിവാനി മണ്ഡലമാണ് സി.പി.എമ്മിന് നൽകിയത്. മുതിർന്നനേതാവ് ഓംപ്രകാശാണ് സ്ഥാനാർഥി.
അതേസമയം, സി.പി.ഐ.യുമായി കോൺഗ്രസിന് ധാരണയിലെത്താനായില്ല. കോൺഗ്രസ് വാഗ്ദാനംചെയ്ത സോഹ്ന സീറ്റ് വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.ഐ. നേതൃത്വം. ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അഞ്ചാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്തെ 89 മണ്ഡലങ്ങളിലും കോൺഗ്രസിന് സ്ഥാനാർഥികളായി. ശേഷിക്കുന്ന ഭിവാനി സീറ്റ് സി.പി.എമ്മിനായി കോൺഗ്രസ് നീക്കിവെക്കുകയായിരുന്നു.