'മോദി ജയിച്ചത് ഒറ്റയ്ക്കല്ല'; തല മൊട്ടയടിക്കുന്നില്ലെന്ന് സോമനാഥ് ഭാരതി

Update: 2024-06-10 05:42 GMT

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ച എഎപി നേതാവ് തീരുമാനത്തിൽ നിന്ന് പിന്നോട്ട്. മോദിയുടേത് മുന്നണി ഒന്നാകെ നേടിയ ജയമായതിനാൽ തല മൊട്ടയടിക്കേണ്ട ആവശ്യമില്ലെന്നാണ് സോമനാഥ് ഭാരതിയെന്ന നേതാവ് പറയുന്നത്. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്.

'മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ മോദിയുടെ ജയം എങ്ങനെയാണെന്ന് നോക്കൂ... മുന്നണിയുടെയാകെ വിജയമാണത്. ഒറ്റയ്ക്കല്ല അദ്ദേഹം ജയിച്ചതെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയമായി കണക്കാക്കാനാവില്ല. മോദി ഒറ്റയ്ക്ക് നേടിയ വിജയമല്ലാത്തത് കൊണ്ടു തന്നെ എന്റെ തല മൊട്ടയടിക്കേണ്ട ആവശ്യവുമില്ല'. ഭാരതിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ഭാരതിയുടെ പുതിയ തീരുമാനത്തിനെതിരെ വ്യാപക വിമർശനവുമുയരുന്നുണ്ട്. ഭാരതി, എഎപി നേതാക്കളുടെ തനിനിറം കാണിച്ചു എന്നായിരുന്നു ഡൽഹിയിലെ ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂറിന്റെ പരിഹാസം. ആംആദ്മി നേതാക്കൾക്ക് പറഞ്ഞ വാക്കിന് വിലയില്ലെന്ന് എല്ലാവർക്കുമറിയാമെന്നും പക്ഷേ പറഞ്ഞ വാക്കിൽ നിന്ന് ഭാരതിക്ക് പിന്നോട്ട് പോവാനാവില്ലെന്നും പ്രവീൺ എക്സിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ട് മുമ്പ് എക്സിലൂടെയായിരുന്നു തല മൊട്ടയടിക്കുമെന്ന് ഭാരതിയുടെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിലെ എഎപിയുടെ സ്ഥാനാർഥിയായിരുന്നു സോമനാഥ് ഭാരതി. ബിജെപിയുടെ ബാസുരി സ്വരാജിനോട് ഒരുലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.

Tags:    

Similar News