തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസ്; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Update: 2024-10-12 05:18 GMT

തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. തിരുനൽവേലി തലയൂത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണവേണിയെ കൊല്ലാൻ ശ്രമിച്ച സുബ്രഹ്മണ്യൻ (60), സുൽത്താൻ മൊയ്തീൻ (59), ജേക്കബ് (33), കാർത്തിക് (34), വിജയ രാമമൂർത്തി (34), പ്രവീൺരാജ് (32) എന്നിവർക്കാണ് തിരുനെൽവേലി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. എല്ലാവരും 1.3 ലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക കൃഷ്ണവേണിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പുറമ്പോക്ക് ഭൂമിയിൽ പൊതുശൗചാലയം നിർമിക്കാൻ ഒരുങ്ങിയതിനാണ് കൃഷ്ണവേണിയെ ഇവർ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. 2011 ജൂൺ 13-നാണ് സംഭവം.

മതിയായ ഫണ്ടില്ലാത്തതിനാൽ സ്വകാര്യ സിമന്റ് കമ്പനിയുടെ സഹായത്തോടെയാണ് കൃഷ്ണവേണി പൊതുശൗചാലയം കെട്ടാൻ തുടങ്ങിയത്. അന്ന് പഞ്ചായത്ത് അംഗമായിരുന്ന സുബ്രഹ്മണ്യൻ പ്രവർത്തനം തടഞ്ഞു. കൃഷ്ണവേണി ഇതിനെ ചോദ്യംചെയ്തു. പഞ്ചായത്ത് ഓഫീസിൽനിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങവെ സുബ്രഹ്മണ്യൻ ഉൾപ്പെടെയുളള സംഘം കൃഷ്ണവേണിയെ അരിവാളുകൊണ്ട് വെട്ടി. കൃഷ്ണവേണിയുടെ തോളിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റു. വലതു ചെവിയും രണ്ട് വിരലുകളും അറ്റു. തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലുണ്ടായിരുന്ന അവരെ പിന്നീട് ചെന്നൈ സ്റ്റാൻലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയയാക്കി.

Tags:    

Similar News