ജീവനാംശം വിധിക്കുന്നത് ശിക്ഷിക്കാനാകരുത്; വിവാഹമോചന കേസുകളില്‍ വ്യവസ്ഥകളുമായി സുപ്രീം കോടതി ബെഞ്ച്

Update: 2024-12-12 06:54 GMT

ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് സുപ്രീംകോടതി. ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ദീര്‍ഘമായ ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിവച്ചശേഷമാണ് ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. അകന്നുകഴിയുന്ന ഭാര്യ നികിത സിംഘാനിയയും അവരുടെ കുടുംബവും നിരവധി കേസുകളില്‍ കുടുക്കി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പണം തട്ടിയെടുക്കുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും 24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതുലിന്റെ ആത്മഹത്യാക്കുറിപ്പും വീഡിയോയും ചര്‍ച്ചയായതിനിടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ബെഞ്ച് ജീവനാംശം വിധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്.

സുപ്രീംകോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഇവയാണ്: ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് പരിഗണിക്കണം. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭാവിയില്‍ വരാവുന്ന അടിസ്ഥാന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിഗണിക്കണം. രണ്ട് കക്ഷികളുടെയും വിദ്യാഭ്യാസ യോഗ്യതകളും ജോലിയും കണക്കിലെടുക്കണം. വരുമാനമാര്‍ഗങ്ങളും സ്വത്തുവകകളും വിലയിരുത്തണം. ഭര്‍തൃവീട്ടില്‍ കഴിയുന്നകാലത്തെ ഭാര്യയുടെ ജീവിതനിലവാരം കണക്കിലെടുക്കണം. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഭാര്യയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നോ എന്നകാര്യം പരിഗണിക്കണം. നിയമ നടപടികള്‍ക്കായി ജോലിയില്ലാത്ത ഭാര്യയ്ക്ക് എത്രതുക ചെലവഴിക്കേണ്ടിവന്നു എന്നകാര്യം ആരായണം. ഭര്‍ത്താവിന്റെ സാമ്പത്തികനില എന്താണെന്നും വരുമാനമാര്‍ഗവും മറ്റ് ബാധ്യതകളും എന്തൊക്കെയാണെന്ന് മനസിലാക്കണം.

രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണം. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുതെന്നും എന്നാല്‍ ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News