സിഡിഎസ്, എന്‍ഡിഎ പരീക്ഷ പ്രഖ്യാപിച്ചു; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31
2025ലെ ഒന്നാംഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ്സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ upsc.gov.in. സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്.
എന്‍ഡിഎ പരീക്ഷയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഏപ്രില്‍ 13നാണ് പരീക്ഷ. ആര്‍മി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ.
സിഡിഎസ് പരീക്ഷയും ഏപ്രില്‍ 13ന് തന്നെയാണ്. ഡിസംബര്‍ 31 തന്നെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി. ജനുവരി ഒന്നുമുതല്‍ ജനുവരി ഏഴുവരെ അപേക്ഷയില്‍ വേണ്ട തിരുത്തലുകള്‍ വരുത്താം. സിഡിഎസില്‍ 457 ഒഴിവുകളാണ് ഉള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ NDA (I) 2024 or CDS (I) 2024 ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷ നല്‍കാന്‍. എഴുതുന്ന പരീക്ഷ തെരഞ്ഞെടുത്ത ശേഷം രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.