കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ ; കേരളത്തിലെ ദേശീയ പാത വികസനം ചർച്ചയായി
കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ
പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. മുടങ്ങിപ്പോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
നിലവില്‍ ദേശീയ പാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തുണ്ട്. ദേശീയ പാത 66-ല്‍ ചെങ്കള-നിലേശ്വം (58.5 ശതമാനം), നീലേശ്വരം-തളിപ്പറമ്പ് (50 ശതമാനം), തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി(58.8 ശതമാനം), അഴിയൂര്‍-വെങ്കുളം (45.7 ശതമാനം), കോഴിക്കോട് ബൈപ്പാസ്(76 ശതമാനം), കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്(55 ശതമാനം), തലപ്പാടി-ചെങ്കള(74.7 ശതമാനം), രാമനാട്ടുകര-വളാഞ്ചേരി ബൈപാസ്(80 ശതമാനം), വളാഞ്ചേരി ബൈപാസ്-കരിപ്പാട്(82 ശതമാനം), കരിപ്പാട്-തളിക്കുളം(49.7ശതമാനം), തളിക്കുളം-കൊടുങ്ങല്ലൂര്‍(43 ശതമാനം), പറവൂര്‍-കോട്ടുകുളങ്ങര(44.4 ശതമാനം), കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം(50 ശതമാനം), കടമ്പാട്ടുകോണം-കഴക്കൂട്ടം(35.7 ശതമാനം) എന്നിങ്ങനെയാണ് വിവിധ റീച്ചുകളിലെ നിര്‍മ്മാണ പുരോഗതി. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കേരളവും ദേശീയപാത അതോറിട്ടിയും യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. 20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍, വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ എന്നിവ മന്ത്രിസഭയോഗം ചേര്‍ന്ന് സ്വീകരിക്കും. പല കാരണങ്ങളാല്‍ വൈകിയ 7 പദ്ധതികള്‍ അലൈന്‍മെന്റ് പുതുക്കി നല്‍കിയത് അംഗീകരിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 7 പദ്ധതികള്‍ക്കുമായി മൊത്തം 460 കിലോമീറ്റര്‍ നീളമാണുള്ളത്. മലാപ്പറമ്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം, മുണ്ടക്കയം-കുമിളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമിളി എന്നിവയാണ് 7 പദ്ധതികള്‍. പാലക്കാട്-കോടിക്കോട് ഗ്രീന്‍ ഫീള്‍ഡ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍ നല്ല പുരോഗതിലാണെന്നും മന്ത്രി പറഞ്ഞു. പോര്‍ട്ട് കണക്ടിവിറ്റി റോഡുകള്‍ക്കു മുന്തിയ പരിഗണന നല്‍കും. ശബരിമല സീസണില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂര്‍ ബൈപാസ് വികസനത്തിനും കേന്ദ്രമന്ത്രി അംഗീകാരം നല്‍കി. തിക്കോടിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് അടി പാത നിര്‍മ്മിക്കുന്നതും കേന്ദ്രമന്ത്രി അംഗീകരിച്ചു. കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള 9 കിലോമീറ്റര്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡും വികസിപ്പിക്കുന്നതും ചര്‍ച്ചയായി.