നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി നാലംഗ സംഘം പിടിയിൽ; ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു

Update: 2024-12-16 07:36 GMT

സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുൻകൂർ പണം നൽകി സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘത്തെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 20-ന് ഡൽഹി വിമാനത്താവളത്തിൽവെച്ച് സിനിമ-സീരിയൽ നടൻ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടു പോവുകയും 12 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ രീതിയിൽ പ്രമുഖ നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും സംഘം പദ്ധതിയിട്ടിരുന്നതായി ബിജ്നോർ എസ്.പി അഭിഷേക് ഷാ അറസ്റ്റ് വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി.

സാർഥക് ചൗധരി, സബിയുദ്ദീൻ, അസീം, ശശാങ്ക് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.04 ലക്ഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മീററ്റിലെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാനെന്ന് പറഞ്ഞായിരുന്നു ഒക്ടോബർ 15-ന് സംഘം മുഷ്താഖ് മൊഹമ്മദ് ഖാനെ ബന്ധപ്പെടുന്നത്. ഇതിലൊരാളായ ലാവി എന്ന വിളിപ്പേരുള്ള രാഹുൽ സെയ്നി 25,000 രൂപ മൂൻകൂറായി നൽകുകയും വിമാനടിക്കറ്റ് അയച്ചുകൊടുക്കുകയും ചെയ്തു. നവംബർ 20-ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ഖാനെ ഒരു ടാക്സിയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള ഷിക്കാൻജി എന്ന ഷോപ്പിലേക്കായിരുന്നു നടനെ ആദ്യം കൊണ്ടുപോയത്.

അവിടെനിന്ന് ബലമായി മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയും കൂടുതൽ ആളുകൾ എത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നേരത്തെ പണമയച്ചുകൊടുത്ത ലാവിയുടെ വീട്ടിൽ തടവിലാക്കുകയും ചെയ്തു. ഇതിനിടെ സംഘാംഗങ്ങൾ നടന്റെ ബാങ്ക് അക്കൗണ്ടും പാസ്വേർഡും കൈക്കലാക്കിയിരുന്നു.

നവംബർ 20-ന് രാത്രി ഇവർ മദ്യപിച്ച് ബോധരഹരായി ഉറങ്ങിയ സമയത്ത് വീട്ടിൽനിന്ന് പുറത്തുകടന്ന മുഷ്താഖ് മൊഹമ്മദ് ഖാൻ അടുത്തുള്ള പള്ളിയിൽ എത്തുകയും പ്രദേശ വാസികളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നവംബർ 21-ന് തട്ടിപ്പുകാർ കൈക്കലാക്കിയ നടന്റെ ബേങ്ക് അക്കൗണ്ട് വിവരം ഉപയോഗിച്ച് മീററ്റിലേയും മുസാഫർ നഗറിലേയും ഷോപ്പിങ് മാളിൽ നിന്ന് 2.2 ലക്ഷം രൂപ പിൻവലിച്ചാതായും പോലീസ് പറഞ്ഞു. നടൻ ശക്തികപൂറിന് ഇതേ പരിപാടിയിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷമാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്തത്. എന്നാൽ, കൂടുതൽ പണം ചോദിച്ചതോടെ പദ്ധതി നടക്കാതെ പോവുകയായിരുന്നു. സ്ത്രീ 2, വെൽകം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മുഷ്താഖ്. ഇതിനുമുമ്പ് ഹാസ്യനടൻ സുനിൽ പാലിനെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടത്.

Tags:    

Similar News