തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി; യുവാവ് അറസ്റ്റിൽ

Update: 2024-07-17 10:49 GMT

തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകളിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്ലൻഡിലേക്ക് പോകാനൊരുങ്ങിയ തുഷാർ പവാർ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും ബാങ്കോക്കിലേക്കും തായ്ലൻഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാൻ പാസ്പോർട്ടിലെ 12 പേജുകളിൽ കൃത്രിമം കാണിക്കുകയായിരുന്നു.

പാസ്പോർട്ടിലെ 3 മുതൽ 10 വരെയുള്ള പേജുകളും 17 മുതൽ 20 വരെയുള്ള പേജുകളും വെള്ള പേപ്പർ വെച്ച് ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തുഷാറിനെ തടഞ്ഞുവെച്ചതെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചില പേജുകൾ കീറി മാറ്റുകയും ചെയ്തു. മുൻപ് സുഹൃത്തുക്കൾക്കൊപ്പം തായ്ലൻഡിലേക്ക് നടത്തിയ യാത്രകൾ ഭാര്യ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പിന്നീട് കുറ്റസമ്മതം നടത്തി. ഇയാളെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച എയർ ഇന്ത്യ എഐ-330 നമ്പർ വിമാനത്തിൽ വീണ്ടും തായ്ലൻഡ് സന്ദർശിക്കാൻ പോകവെയാണ് തുഷാറിന് പിടിവീണത്. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ കൃത്രമിത്വം മനസ്സിലാവുകയായിരുന്നു. താൻ ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസ്സിലാകാതിരുന്ന തുഷാർ ഉദ്യോഗസ്ഥരോട് സഹകരിക്കാനും തയ്യാറായില്ല. ഇന്ത്യൻ പാസ്പോർട്ട് നിയമത്തിലെ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News