പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ട്രെയിനി സബ് ഇൻസ്‌പെക്‌ടര്‍മാരായ സഹോദരങ്ങള്‍ അറസ്റ്റില്‍

Update: 2024-10-07 05:23 GMT

2021ലെ പൊലീസ് സബ് ഇൻസ്‌പെക്‌ടർ പരീക്ഷാ ചോദ്യപ്പേപ്പ‌ർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റില്‍.


ട്രെയിനി സബ് ഇൻസ്‌പെക്‌ടർമാരും സഹോദരങ്ങളുമായ ദിനേഷ് റാം (27), പ്രിയങ്ക കുമാരി (28) എന്നിവരെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) ഇന്നലെ പിടികൂടിയത്.


ജോധ്പൂർ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇവരുടെ പിതാവ് ഭഗീരഥിനുണ്ടായിരുന്ന ബന്ധത്തിലൂടെയാണ് പരീക്ഷയ്‌ക്ക് മുമ്ബ് പ്രതികള്‍ക്ക് ചോദ്യപ്പേപ്പർ ലഭിച്ചതെന്ന് അന്വേഷണ സംഘം പറ‌ഞ്ഞു. ജലോർ സ്വദേശികളാണ് പ്രതികള്‍. കേസില്‍ ഇതുവരെ 44 ട്രെയിനി എസ്‌ഐമാർ അറസ്‌റ്റിലായിട്ടുണ്ട്. ഒളിവില്‍പോയ ഭഗീരഥിനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് എസ്‌ഒജി അഡീഷണല്‍ എസ്‌പി രാം സിംഗ് പറഞ്ഞു.


അന്വേഷണ സംഘം പറയുന്നതനുസരിച്ച്‌, 2021ല്‍ ജോധ്പൂർ ജയിലില്‍ തടവിലായിരിക്കവെ പരീക്ഷാ പേപ്പർ ചോർത്തുന്ന മാഫിയയുടെ മുഖ്യൻ ഭൂപേന്ദ്ര ശരണിന്റെ സഹോദരൻ ഗോപാലും മയക്കുമരുന്ന് കടത്തുകേസിലെ പ്രതി ഓംപ്രകാശം എന്നിവരുമായും ഭഗീരഥ് നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ഗോപാലും ഓം പ്രകാശും ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ഭഗീരഥിലേക്ക് എത്തുകയായിരുന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർത്തി കൊടുത്തതിന് ഭഗീരഥ് ഗോപാലിന് 20 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. പരീക്ഷയില്‍ ദിനേശിന് 99-ാം റാങ്കും പ്രിയങ്കയ്‌ക്ക് 132-ാം റാങ്കും ലഭിച്ചു.


അതേസമയം, 2021 ലെ എസ്‌ഐ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുടെ വ്യാപ്‌തി പരിശോധിക്കാനും പരീക്ഷ റദ്ദാക്കണോ എന്ന് തീരുമാനിക്കാനും സംസ്ഥാന സർക്കാർ ആറംഗ മന്ത്രിതല സമിതിക്ക് രൂപം നല്‍കി.

Tags:    

Similar News