പ്രിയങ്ക ഗാന്ധിയുടെ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ; നികുതി വെട്ടിപ്പ് പ്രകടമാണെന്ന് ബിജെപി

Update: 2024-10-24 11:22 GMT

പ്രിയങ്ക ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ നൽകിയ വിവരങ്ങളിൽ പ്രകടമാണെന്ന് ബിജെപി. ദളിതനായതുകൊണ്ടാണ് പത്രിക സമർപ്പണ വേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ പുറത്തിരുത്തിയതെന്ന ആക്ഷേപവും ബിജെപി ശക്തമാക്കുകയാണ്.

ഭർത്താവ് റോബർട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതിൽ ദില്ലി മെഹറോളിയിൽ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയിൽ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അൻപത് പവൻ സ്വർണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

66 കോടി രൂപയുടെ ആസ്തിയാണ് റോബർട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാൽ യാഥാർത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ റോബർട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്യ ആരോപിക്കുന്നു.

മല്ലികാർജ്ജുൻ ഖർഗെയെ പത്രിക സമർപ്പണ ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയെന്ന ആക്ഷേപവും ബിജെപി ശക്തമാക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം ആദ്യ സെറ്റ് പത്രിക നൽകുന്ന പ്രിയങ്ക തുടർന്നാണ് ഖർഗെയുടെ സാന്നിധ്യത്തിൽ മറ്റ് സെറ്റ് പത്രികകൾ സമർപ്പിച്ചത്. ദളിതനായതുകൊണ്ടാണ് ഖർഗെയെ മാറ്റി നിർത്തിയതെന്നും കോൺഗ്രസിൽ ദളിതരുടെ സ്ഥിതി ഇതാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. എന്നാൽ ഒരേ സമയം അഞ്ച് പേർക്കേ വരണാധികാരി മുറിയിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളൂവെന്നാണ് കോൺഗ്രസിൻറെ പ്രതികരണം. കുടുംബാംഗങ്ങൾ മാറാൻ ഖർഗെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നും എഐസിസി പ്രതികരിച്ചു.

Tags:    

Similar News