തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കടുക്കുന്നു ; സിനിമാ താരങ്ങൾ തമ്മിൽ കലിപ്പ് , വിജയിയെ പുകഴ്ത്തി രജനീകാന്ത്
തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങൾ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് രജനീകാന്ത് പുകഴ്ത്തി രംഗത്തെത്തി. ഇത് രജനീകാന്തിന് വിജയോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം, അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തിൽ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിനും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി.
ദീപാവലി ആശംസകൾ നേരാനെത്തിയ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിജയിയെ അഭിനന്ദിച്ച് രജനികാന്ത് പരാമർശം നടത്തിയത്. എന്നാൽ ടിവികെ അധ്യക്ഷൻ്റെ ഡിഎംകെ, ബിജെപി വിമർശനങ്ങളിൽ നിന്ന് രജനീകാന്ത് ഒഴിഞ്ഞുമാറുകയും ചെയ്തു. കാറോട്ട മത്സരങ്ങളിലേക്കേുള്ള സൂപ്പർതാരം അജിത്തിൻ്റെ തിരിച്ചുവരവിൽ താൻ ആശംസകൾ നേർന്നത് വിജയിയെ പ്രകോപിപ്പിക്കാനെന്ന ബിജെപി നേതാവ് തമിഴിസൈ സൌന്ദർരാജൻ്റെ ആരോപണം ഉദയനിധി സ്റ്റാലിൻ തള്ളി. അവരെ പോലെ പണി ഇല്ലാതെ ഇരിക്കയാണോ താനെന്നാണോ കരുതുന്നതെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. വിജയിയും ഡിഎംകെയും തമ്മിലുള്ള പോര് കടുപ്പിക്കാനുള്ള കെണിയിൽ നിന്ന് ഒഴിഞ്ഞുമാറിയ ഉദയനിധി, തമിഴ്നാട് ബിജെപിക്കുള്ളിൽ തമിഴിസൈ നേരിടുന്ന അവഗണന കൂടി ഓർമ്മിപ്പിച്ചാണ് മുനവച്ച വാക്കുകളിൽ തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസമാണ് ഉദയനിധി സ്റ്റാലിൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ അജിത്തിന് ആശംസകൾ അറിയിച്ചത്. “പ്രശസ്ത ദുബായ് റേസില്‍ പങ്കെടുക്കാൻ പോകുന്ന നടനും സുഹൃത്തുമായ അജിത് കുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 'അജിത് കുമാർ റേസിംഗ്' യൂണിറ്റിന്‍റെ കാർ, ഹെൽമെറ്റ് എന്നിവയിൽ ഞങ്ങളുടെ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (SDAT) ലോഗോ പ്രദർശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്" ഉദയനിധി പറഞ്ഞു.
"ആഗോളതലത്തിൽ തമിഴ് നാടിനെ പ്രതിനിധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അജിത്തിന് തമിഴ്‌നാട് കായിക വികസന വകുപ്പിന്‍റെ പേരിൽ നന്ദി അറിയിക്കുന്നു. കൂടാതെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ദ്രാവിഡ മോഡൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾക്കും ഫോർമുല 4 ചെന്നൈ റേസിംഗ് സ്ട്രീറ്റ് സർക്യൂട്ട് പോലുള്ള പദ്ധതികള്‍ക്കും അജിത്ത് പിന്തുണ നൽകിയതിന് ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു" പിന്നീട് ഉദയനിധി തുടര്‍ന്നു. കായികരംഗത്ത് ആഗോളതലത്തിൽ തമിഴ്നാടിനെ ഉയർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കാർ റേസിൽ വിജയിച്ച് തമിഴ്നാടിന് അഭിമാനം പകർന്നതിന് ആശംസകൾ, എന്നാണ് ഉദയനിധി തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.