കാശി ക്ഷേത്രത്തിൽ പൊലീസിന് കാവി വേഷം, രുദ്രാക്ഷമാല: രൂക്ഷ വിമർശനം

Update: 2024-04-12 10:15 GMT

കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൊലീസുകാർക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പുരുഷ ഉദ്യോഗസ്ഥർക്ക് മുണ്ടും കുർത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സൽവാർ കുർത്തയുമാണ് വേഷം. പൂജാരിമാർക്ക് സമാനമായ പൊലീസ് വേഷത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു.

പരമ്പരാഗത യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് 'കാവിവത്കരണ' പരിഷ്‌കരണം. വിശ്വാസികൾക്കിടയിൽ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥർക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നൽകുമെന്നും പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം അല്ലാതെ മറ്റെന്തെങ്കിലും വസ്ത്രം ധരിക്കാൻ അനുവദിക്കാനുള്ള തീരുമാനം വലിയ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ഏത് പൊലീസ് മാനുവൽ പ്രകാരമാണ് ഉദ്യോഗസ്ഥർക്ക് പുരോഹിത വേഷം നൽകുന്നത്. ഇത്തരം ഉത്തരവുകൾ നൽകുന്നവരെ സസ്‌പെൻഡ് ചെയ്യണം. നാളെ ഏതെങ്കിലും അക്രമികൾ ഇത് മുതലെടുത്ത് ജനങ്ങളെ കൊള്ളയിടിച്ചാൽ ഉത്തർപ്രദേശ് സർക്കാർ ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News