കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് രംഗത്ത്
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏറ്റവും അപകടകരമായ നിലയിലാണെന്നും വ്യവസായികൾ നരേന്ദ്ര മോദിയുടെ സ്തുതിപാഠകരാകുന്നത് ഭയംകൊണ്ടാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്. രമേശൻ സ്മാരക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം കേന്ദത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.
1947 മുതൽ 2014 വരെ ഇന്ത്യയുടെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത് 150 ലക്ഷം കോടിയാണ്. കൂടാതെ 53 ശതമാനമാണ് ഇന്ത്യയിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. അതുമാത്രമല്ല ഇവിടെ നിക്ഷേപം നടത്താൻ കെൽപുള്ള തലമുറ പൗരത്വംതന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുകയാണ്. 2,25,000 പേരാണ് 2022ലെ കണക്കനുസരിച്ച് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്നും ഡോ. പരകാല പ്രഭാകർ പറഞ്ഞു.
എല്ലാത്തിനും പുറമെ കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുകയാണെന്നും യാഥാർഥ്യം തുറന്നുപറയുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും പരകാല പ്രഭാകർ കൂട്ടിച്ചേർത്തു.