'എതിരെ സംസാരിച്ചാൽ കൊല്ലും'; പപ്പു യാദവ് എം.പിക്ക് ബിഷ്‌ണോയി ഗ്യാങ്ങിൻറെ വധഭീഷണി, സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
ബിഹാറിലെ പൂർണിയായിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ പപ്പു യാദവിന് കുപ്രസിദ്ധ കുറ്റവാളിസംഘമായ ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങിൻറെ വധഭീഷണി. ബിഷ്‌ണോയി ഗ്യാങ്ങിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെയാണ് വധഭീഷണിയെത്തിയത്. തനിക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ബിഹാർ സർക്കാറിനും കേന്ദ്ര സർക്കാറിനും കത്ത് നൽകി.
തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പപ്പു യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിൽ പറയുന്നു. ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് രാജ്യത്തുടനീളം അക്രമങ്ങൾ നടത്തുമ്പോൾ അവർക്കെതിരെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഞാൻ സംസാരിച്ചിരുന്നു. ഇതിൻറെ പ്രതികാരമെന്നോണം എനിക്ക് വധഭീഷണി ലഭിച്ചിരിക്കുകയാണ്. ബിഹാർ സർക്കാറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയോ ഇത് ഗൗരവത്തോടെ കാണുന്നില്ല. ഞാൻ കൊല്ലപ്പെട്ടു കഴിഞ്ഞാൽ ലോക്‌സഭയിലും നിയമസഭയിലും അനുശോചനമറിയിക്കാൻ മാത്രമേ അവർ ഉണർന്നുപ്രവർത്തിക്കൂ എന്നാണ് തോന്നുന്നത് -പപ്പു യാദവ് കത്തിൽ പറയുന്നു. ബിഷ്‌ണോയി ഗ്യാങ്ങിലെ അംഗവും പപ്പു യാദവിൻറെ പി.എയും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിൻറെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്യാങ്ങിനെതിരെ ഇനിയും സംസാരിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തുന്നു.
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ ബിഷ്‌ണോയി ഗ്യാങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പപ്പു യാദവ് രംഗത്തെത്തിയിരുന്നു. 'ഒരു സൈന്യമുള്ള രാജ്യമാണോ അതോ ഭീരുക്കളുടെ രാജ്യമാണോ നമ്മുടേത് ജയിലിൽ ഇരുന്ന് കൊണ്ട് ഒരു ക്രിമിനൽ ആളുകളെ വെല്ലുവിളിക്കുന്നു, കൊലപാതകം നടപ്പാക്കുന്നു, അതുകണ്ട് എല്ലാവരും കാഴ്ചക്കാരായി നിൽക്കുന്നു. ആദ്യം സിദ്ദു മൂസേവാല, പിന്നീട് കർണിസേന നേതാവ്, ഇപ്പോൾ ബാബ സിദ്ദീഖി. നിയമം അനുവദിക്കുകയാണെങ്കിൽ ലോറൻസ് ബിഷ്‌ണോയിയെപ്പോലുള്ള തുക്കടാ ക്രിമിനലുകളെ 24 മണിക്കൂറിനകം ഞാൻ ഇല്ലാതാക്കിത്തരാം' -ഒക്ടോബർ 13ന് എക്‌സ് പോസ്റ്റിൽ പപ്പു യാദവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് പപ്പു യാദവിന് ഭീഷണികളെത്തിയത്. 2022ൽ പഞ്ചാബിലെ കോൺഗ്രസ് നേതാവും റാപ്പറുമായ സിദ്ധു മുസെവാലയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്‌ണോയ് സംഘം കൂടുതൽ ശ്രദ്ധ നേടുന്നത്. നിലവിൽ ലോറൻസ് ബിഷ്‌ണോയ് ഗുജറാത്തിലെ സബർമതി ജയിലിലാണെങ്കിലും അമേരിക്ക, കാനഡ എന്നിവിടങ്ങളിൽനിന്ന് സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഗോൾഡി ബ്രാർ, രോഹിത് ഗൊദാര എന്നിവരുമാണ് സംഘത്തെ നയിക്കുന്നത്. ജയിൽ ബന്ധങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഷൂട്ടർമാരെ കണ്ടെത്തി കൃത്യം നടപ്പാക്കുന്നതാണ് രീതി.