ക്രൂരം മജിസ്ട്രേറ്റിൻറെ വിനോദം; പരാതിയുമായി എത്തിയ ഗ്രാമീണനെ ഓഫീസിൽ കോഴിയെപ്പോലെ മുട്ടുകുത്തിച്ചു, ഞെട്ടിക്കുന്ന വീഡിയോ
ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം അതിദാരുണമായിപ്പോയെന്ന് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നു. ബറേലിയിലെ മിർഗഞ്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റി (എസ്ഡിഎം)ൻറെ ക്രൂരവിനോദമാണ് വിവാദമായത്. വീഡിയോ ആരുടെയും കരളലിയിക്കുന്നതാണ്. തൻറെ ഓഫീസിൽ പരാതിയുമായി എത്തിയ സാധാരണക്കാരനായ ഗ്രാമീണനോട് ഉദിത് പവാർ എന്ന മജിസ്ട്രേറ്റ് അതിക്രൂരമായാണു പെരുമാറിയത്. കോഴിയെപ്പോലെ നിലത്ത് മുട്ടുകുത്തി ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു മജിസ്ട്രേറ്റെന്നാണ് ആരോപണം.
മജിസ്ട്രേറ്റ് തൻറെ ഓഫീസിലെ കസേരയിൽ ഇരിക്കുന്നതും പരാതിക്കാരൻ കോഴിയെപ്പോലെ ക്രൂരനായ ന്യായാധിപൻറെ മുന്പിൽ മുട്ടുകുത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഗ്രാമീണനെ ക്രൂരമായി ഉപദ്രിക്കുന്നതും ആസ്വദിക്കുകയും ചെയ്യുകയാണ് മജിസ്ട്രേറ്റ്. മറ്റ് ഗ്രാമീണരെയും വീഡിയോയിൽ കാണാം.
ഭൂമി കയ്യേറ്റത്തിൽനിന്ന് തൻറെ ഗ്രാമത്തെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ഗ്രാമീണൻ എസ്ഡിഎമ്മിനെ സമീപിച്ചത്. കൈയേറിയതായി പറയപ്പെടുന്ന ഭൂമി ശ്മശാനമായി ഉപയോഗിക്കുകയാണ്. ഇതിനു മുന്പും ഇതേ പരാതിയുമായി ഗ്രാമീണൻ എത്തിയിരുന്നു. പക്ഷേ, അധികാരികളുടെ ഭാഗത്തുനിന്നു നീതി ലഭിക്കുകയുണ്ടായില്ല.
സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മജിസ്ട്രേറ്റിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. ഇത്തരത്തിലുള്ളവർ നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനമെന്ന് ജനം പറയുന്നു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് എസ്ഡിഎം ഉദിത് പവാർ രംഗത്തെത്തിയിട്ടുണ്ട്. തൻറെ മുന്നിൽ മുട്ടുകുത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് പവാർ പറഞ്ഞു. പരാതിയിൽ നടപടിയെടുക്കുന്നതിനു സമ്മർദം ചെലുത്താനായി ഗ്രാമീണൻ സ്വയം തൻറെ മുന്നിൽ കോഴിയെ പോലെ ഇരിക്കുകയായിരുന്നുവെന്നാണ് മജിസ്ട്രേറ്റിൻറെ വാദം.