'മനസ്സിലാകുന്ന രീതിയിൽ എഴുതണം', ഡോക്ടർമാരുടെ കൈയെഴുത്ത് രീതി മാറ്റാൻ നിർദേശിച്ച് ഒഡീഷ ഹൈക്കോടതി

Update: 2024-01-09 06:15 GMT

രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള കുറിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ വായിച്ചാൽ മനസ്സിലാകുന്ന തരത്തിൽ എഴുതണമെന്ന് ഡോക്ടർമാരോട് ഒഡീഷ ഹൈക്കോടതി. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. ക്യാപിറ്റൽ ലെറ്ററിൽ അല്ലെങ്കിൽ ടൈപ്പ് ചെയ്യുന്ന രീതി സ്വീകരിക്കുന്നതിനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച കോടതിക്ക് മുമ്പാകെ വന്ന ഒരു കേസിൽ അനുബന്ധ രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്.കെ പനിഗ്രാഹിക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയത്. 

മകൻ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച പരാതിക്ക് ഒപ്പമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും സമർപ്പിച്ചിരുന്നത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കാൻ കഴിയാതെ വന്നതോടെ കോടതി നേരിട്ട് ഡോക്ടറോട് ഹാജരാകാനും റിപ്പോർട്ട് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതിക്കാരന്റെ മകൻ മരണപ്പെട്ടത് പാമ്പിന്റെ കടിയേറ്റാണെന്ന് സ്ഥിരീകരിക്കാൻ കോടതിക്കും കഴിഞ്ഞത്. നിരവധി കേസുകളിൽ ഡോക്ടർമാർ വളരെ ലാഘവത്തോടെ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത് പലപ്പോഴും വായിച്ചെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് പനിഗ്രാഹി നിരീക്ഷിച്ചു.

ഡോക്ടർമാർ ഒരു ഫാഷനെന്ന പോലെ ഇത്തരം കൈയെഴുത്ത് രീതി പിന്തുടരുന്നത് സാധാരണക്കാർക്കും കോടതിക്കും വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുന്നതായും കോടതി പറഞ്ഞു. 

 

Tags:    

Similar News