'തിരഞ്ഞെടുപ്പിൽ സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല'; വേണ്ടവർക്ക് വോട്ടുചെയ്യാമെന്ന് ഗഡ്കരി

Update: 2023-10-01 06:09 GMT

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. തനിക്ക് വോട്ടു ചെയ്യാനാണ് താത്പര്യമെങ്കിൽ ചെയ്യാമെന്നും മറിച്ചാണെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാഷിമിൽ ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു പ്രഖ്യാപനം.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനം. ചായയും വെള്ളവും പണവും ഒന്നും നൽകില്ല, വിദേശമദ്യോ നാടൻ മദ്യമോ ലഭിക്കാൻ പോകുന്നില്ല. ഞാൻ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ വാങ്ങാൻ അനുവദിക്കുകയുമില്ല. എന്നാൽ സത്യസന്ധമായി നിങ്ങളെ സേവിക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് വോട്ടു ചെയ്യാം താത്പര്യമില്ലെങ്കിൽ ചെയ്യേണ്ടതില്ല.- ഗഡ്തരി പറഞ്ഞു.

കഴിഞ്ഞ ജൂലായിലും സമാനമായ പ്രസ്താവന ഗഡ്കരി നടത്തിയിരുന്നു. ഇത്തരം തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും ഒരു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നുമായിരുന്നു അന്ന് ഗഡ്കരി പറഞ്ഞത്. 

Tags:    

Similar News