മദ്യനയ അഴിമതിക്കേസ്: കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളാണ് സുപ്രീം കോടതിയിൽ നൽകിയിരുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ജാമ്യം തേടി കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ കേജ്രിവാളിനു സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം നേടിയാലേ കേജ്രിവാളിനു ജയിലിൽനിന്ന് ഇറങ്ങാനാകൂ.
മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടു കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയിൽനിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കേജ്രിവാളിന് ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.