നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാം; അനുമതി നൽകി ഡൽഹി ഹൈക്കോടതി

Update: 2023-12-12 13:19 GMT

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ യാത്രക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്.

കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട 4 പേരുടെയും പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമതിയില്ലെന്ന് അറിയിച്ചത്.

ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജിയിലാണ് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. നിമിഷപ്രിയയുടെ അപ്പീൽ ഉൾപ്പടെ യെമൻ കോടതി തള്ളിയ സാഹചര്യത്തിൽ യെമനിലെത്തി കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അമ്മ യെമനിലേക്ക് പോകാൻ തീരുമാനിച്ചത്. യമനിൽ താമസ സൗകര്യമൊരുക്കാൻ തയ്യാറായവരുടെ പട്ടികയടക്കം നിമിഷപ്രിയയുടെ അമ്മ കോടതിക്ക് കൈമാറിയിരുന്നു.

Tags:    

Similar News