യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Update: 2023-08-26 08:40 GMT

യുപിയിൽ മുസ്ലീം വിദ്യാർത്ഥിയെ തല്ലാൻ ഹിന്ദു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 323, 504 വകുപ്പുകൾ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്സ് ചൈൽഡ് റൈറ്റ്സ്ബോഡി നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കാൻ നിർദേശം നൽകി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റില വെളിപ്പെടുത്തുന്ന വീഡിയോ ഷെയർ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരിൽ മുസ്ലിംവിശ്വാസിയായ കുട്ടിയെ മർദിക്കാൻ മറ്റ് മതത്തിലുള്ള കുട്ടികൾക്ക് അധ്യാപിക നിർദ്ദേശം നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാർത്ഥിയെ മർദിക്കാൻ മറ്റു കുട്ടികൾക്കു നിർദേശം നൽകിയ അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. പ്രചരിച്ച വിഡിയോയിൽ ഇവർ കുട്ടിക്കെതിരെ വർഗീയ പരാമർശങ്ങളും നടത്തിയിട്ടുണ്ട്.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Tags:    

Similar News