തമിഴ്നാട് ക്ഷേത്ര നിർമാണത്തിന് മുസ്ലീങ്ങൾ സംഭാവനയായി നൽകിയത് ലക്ഷങ്ങളുടെ ഭൂമി; പ്രതിഷ്ഠാദിനത്തിൽ എത്തിയത് പഴങ്ങളുമായി
തമിഴ്‌നാട് തിരുപ്പൂരിലെ ഗണേശ ക്ഷേത്ര നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമിയാണ് മുസ്ലീങ്ങൾ സൗജന്യമായി നൽകിയത്. ക്ഷേത്രത്തിനുവേണ്ടി ഭൂമി വിട്ടുനൽകാൻ കാണിച്ച ഈ മനസ് ഹിന്ദു മുസ്ലീം സാഹോദര്യം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മുസ്ലീം സഹോദരങ്ങൾ തന്നെയായിരുന്നു പ്രതിഷ്ഠാ ചടങ്ങിലെ വിശിഷ്ട അതിഥികൾ. ഏഴ് പ്ലേറ്റുകളിൽ പഴങ്ങളും പൂക്കളുമൊക്കെയായിട്ടാണ് കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ആർ എം ജെ റോസ് ഗാർഡൻ മുസ്ലീം ജമാ അത്ത് പള്ളിയിലെ അംഗങ്ങൾ ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി സൗജന്യമായി നൽകിയത്. പ്രദേശത്ത് മുന്നൂറോളം ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് ആരാധന നടത്താൻ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താനായില്ല. ഇതറിഞ്ഞ മുസ്ലീം സഹോദരങ്ങൾ സംഭാവനയായി മൂന്ന് സെന്റ് ഭൂമി നൽകുകയായിരുന്നു. ചെണ്ട വാദ്യ മേളങ്ങളോട് കൂടിയ ഘോഷയാത്രയിൽ ഇരു വിഭാഗങ്ങളിലെയും കുട്ടികൾ മുതിർന്നവർക്കൊപ്പം പങ്കെടുത്തു. മുസ്ലീം സഹോദരങ്ങളെ മാലയിട്ടാണ് സ്വീകരിച്ചത്. തുടർന്ന് അവർ കൊണ്ടുവന്ന പഴങ്ങളും മറ്റും ക്ഷേത്രനടയിൽ വച്ചു. മുസ്ലീങ്ങളുടെ വകയായിരുന്നു അന്നദാനവും. എല്ലാവരും ഒന്നിച്ച് ഭക്ഷണവും കഴിച്ചു. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Muslims in Ottapalayam locality in #Tiruppur district set an example for communal harmony by taking part in the consecration of Vinayakar Temple constructed on Jamaath land, amid elation by Hindu residents.@THChennai @the_hindu pic.twitter.com/qSijdAYmOd
— Krishnamoorthy Raman (@nanjanadu) May 26, 2024