മുംബൈയിൽ പ്രസവ ശസ്ത്രക്രിയ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലെന്ന് ആരോപണം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

Update: 2024-05-03 02:31 GMT

മുംബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആശുപത്രിയിലാണ് ദാരുണ സംഭവം. ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂനാണ് മരിച്ചത്. സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലാണ് പ്രസവത്തിനായി പ്രവേശിപ്പിച്ചത്. യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ.

ഓപ്പറേഷൻ തിയറ്ററിൽ വൈദ്യുതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നും കുടുംബം ആരോപിച്ചു. ഇരുട്ടിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം പറഞ്ഞു. കുടുംബാംഗങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അന്വേഷണത്തിന് ഉത്തരവിട്ടു.

മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നെന്നും പ്രസവത്തിനായി ഏപ്രിൽ 29 ന് രാവിലെ 7 മണിക്ക് ആശുപത്രിയിലെത്തിച്ചെന്നും ഭർതൃമാതാവ് പറഞ്ഞു. രാത്രി 8 മണിക്ക്, എല്ലാം ശരിയാണെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. കാണാൻ ചെന്നപ്പോൾ അവൾ രക്തത്തിൽ കുളിച്ചിരിക്കുന്നതായി കണ്ടു. ശസ്ത്രക്രിയക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി മുടങ്ങി. പിന്നീട് ടോർച്ചിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ഇതിനിടെ കുട്ടി മരിച്ചു, ഞങ്ങൾ ബഹളം വെച്ചപ്പോൾ സിയോൺ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും മരിച്ചു- അവർ ആരോപിച്ചു. സെൽഫോൺ ടോർച്ചിന്റെ സഹായത്തോടെ അതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും കുടുംബം പുറത്തുവിട്ടു.

Tags:    

Similar News